ദൃശ്യങ്ങളൊന്നുമില്ലാത്ത സ്ക്രീനിൽ ഏതാനും മിനിറ്റുകൾ നീണ്ടുനിൽക്കുന്ന മഴയുടെ താളലയത്തോടെയാണ് 'വിസ്പേഴ്സ് ഓഫ് ഫയർ ആൻഡ് വാട്ടർ' ആരംഭിക്കുന്നത്. ശബ്ദമായി മാത്രമെത്തിയ മഴ പെയ്തൊഴിയുന്നതോടെ, പെട്ടൊന്നൊരു നിമിഷത്തിൽ, പ്രേക്ഷകരെ ആളുന്ന കൽക്കരി ഖനിയുടെ ദൃശ്യത്തിലേക്ക് എടുത്തെറിയുകയാണ് സംവിധായകൻ ലുബ്ധക് ചാറ്റർജി. വരാനിരിക്കുന്ന ദൃശ്യ-ശ്രാവ്യാനുഭവത്തിലേക്കും പ്രമേയത്തിലേക്കുമുള്ള ചൂണ്ടുപലകയാണ് ചിത്രത്തിലെ ആദ്യരംഗങ്ങൾ.

To advertise here,

കൽക്കത്തയിൽ നിന്നുള്ള ഓഡിയോ ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റായ ശിവ ശബ്ദങ്ങൾ റെക്കോർഡ് ചെയ്യുന്നതിനായാണ് ജാർഖണ്ഡിലെ ജാരിയ കൽക്കരി ഖനിയിൽ എത്തുന്നത്. ഒരു നൂറ്റാണ്ടായി എരിഞ്ഞുകൊണ്ടിരിക്കുന്ന ഖനിയും അ‌തിനു ചുറ്റുമുള്ള ദുരിതത്തിലാണ്ട  മനുഷ്യരും അ‌യാളെ അ‌സ്വസ്ഥനാക്കുന്നു. ഓരോ ദിവസവുമുണ്ടാകുന്ന തിരിച്ചറിവുകൾ അ‌യാളെ തന്നെത്തന്നെ ചോദ്യംചെയ്യാൻ പ്രേരിപ്പിക്കുകയാണ്.

മനുഷ്യന്റെ പ്രകൃതി ചൂഷണത്തിന്റെ ആഴവും പരപ്പും, ഇന്ത്യയിലെ ഏറ്റവും വലി കൽക്കരി ഖനിയായ ജാരിയയുടെ യഥാർത്ഥ പശ്ചാത്തലത്തിൽ അ‌വതരിപ്പിക്കുകയാണ് തന്റെ ആദ്യ ഫീച്ചർ ഫിലിമിലൂടെ ലുബ്ധക് ചാറ്റർജി. നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയ്ക്കൊപ്പം ഖനിജീവിതങ്ങളുടെ ദുരിതവും -തകർന്നുവീഴുന്ന വീടുകൾ, അ‌പ്രത്യക്ഷരാകുന്ന മനുഷ്യർ, ആരോഗ്യപ്രശ്നങ്ങൾ, ജീവൻ വിലയായി നൽകാൻ തയ്യാറായിട്ടും ഒടുങ്ങാത്ത ദാരിദ്ര്യം- ചിത്രം ഒരു അ‌ടിയൊ​ഴുക്കുപോലെ പ്രേക്ഷകരിലേക്കെത്തിക്കുന്നു.

പ്രമേയാവതരണത്തിന് സ്വീകരിച്ചിരിക്കുന്ന രീതിയാണ് 'വിസ്പേഴ്സ് ഓഫ് ഫയർ ആൻഡ് വാട്ടറി'നെ വേറിട്ടുനിർത്തുന്നത്. പതിഞ്ഞ താളത്തിലുള്ള ദൃശ്യവിന്യാസം കൊണ്ട് ഒരു മന്ത്രണമെന്ന പോലെയാണ് ചിത്രം സംവദിക്കുന്നത്. അ‌ർജുൻ ഗോരിസാരിയയും സംവിധായകൻ ലുബ്ധക് ചാറ്റർജിയും ചേർന്നാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

കൽക്കരിയുടെ ഇരുളിമയാർന്ന, ജ്വലിക്കുന്ന ഖനിയുടെയും ഹരിതാഭയാർന്ന പ്രകൃതിയുടെയും ഉജ്ജ്വല ദൃശ്യങ്ങളാൽ സമ്പന്നമാണ് ചിത്രം. ദൃശ്യങ്ങളൊരുക്കിയ മലയാളി സിനിമറ്റോഗ്രാഫർ കെന്നത്ത് ​​സൈറസ് പ്രത്യേക പരാമർശമർഹിക്കുന്നു. സംഭാഷണങ്ങൾ വിരളമായ ചിത്രത്തെ ഫലപ്രദമായി പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ സൗണ്ട് ഡി​സൈനർ സൗഗത ബാനർജിയും പശ്ചാത്തല സംഗീതമൊരുക്കിയ രോഹൻ ബോസും വലിയ പങ്കുവഹിച്ചിട്ടുണ്ട്.